‘ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ല’ – വി.ഡി സതീശന്‍

തിരുവനന്തപുരം: ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമണം കോണഗ്രസോ യുഡിഎഫോ അറിഞ്ഞല്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യു ഡി എഫ് പ്രവര്‍ത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയത്. എന്ത് തെളിവാണ് ഇ പി ജയരാജന്റെ പക്കലുള്ളത്. പൊലീസ് അന്വേഷിച്ച്‌ സത്യം കണ്ടുപിടിക്കട്ടെ. സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമല്ല.

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. രാഹുല്‍ വരുന്ന സമയത്ത് കോണ്‍ഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി അന്വേഷിച്ച്‌ സത്യം കണ്ടെത്തട്ടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Top