മണിപ്പുരില്‍ ആക്രമണം തുടരുന്നു; ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വെടിയുതിര്‍ത്ത് ഉദ്യോസ്ഥര്‍

ഇംഫാല്‍: മണിപ്പുരില്‍ കുക്കി-മെയ്ത്തി വിഭാഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷം വഴിമാറി രാഷ്ട്രീയ നേതൃത്വങ്ങളേയും പോലീസ് സ്റ്റേഷനുകളേയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായി മാറുന്നു. ഇതിനോടകം നിരവധി ജനപ്രതിനിധികള്‍ അക്രമിക്കപ്പെടുകയും അവരുടെ വീടുകള്‍ക്ക് തീവെക്കപ്പെടുകയും ചെയ്തു.

കേന്ദ്രമന്ത്രിയുടെ വീടടക്കം കഴിഞ്ഞ ദിവസം കത്തിച്ചു. വ്യാഴാഴ്ച രാത്രി കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ വീട് അഗ്‌നിക്കിരയാക്കിയതിന് ശേഷവും മണിപ്പൂരിലെ ക്വാക്തയിലും കോങ്ബയിലും വെള്ളിയാഴ്ച രാത്രിയിലും ഇന്നും വെടിവയ്പ്പ് തുടരുകയാണ്. ഇംഫാലിലെ വിവിധ സ്ഥാപനങ്ങളെ ആള്‍ക്കൂട്ടം ആക്രമിക്കാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ നടന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് വെള്ളിയാഴ്ച രാത്രി വൈകിയും ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കേണ്ടി വന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച സംസ്ഥാന ബിജെപി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെ 300 ഓളം വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായി. ബിജെപി നേതാവും വനം-വൈദ്യുതി മന്ത്രിയുമായ തോംഗം ബിശ്വജിത് സിങ്ങിന്റെ വീടിനും ഓഫീസിനും നേരെയും ആക്രമണം ഉണ്ടായി.

ഇതിനിടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഒരു പോലീസ് സ്റ്റേഷനും പോലീസിന്റെ ആയുധപുരയും കൊള്ളയടിക്കാനുള്ള ശ്രമവും നടന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സിങ്ജമേയിലെ ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

വ്യാഴാഴ്ച രാത്രിയില്‍ വിദേശകാര്യ സഹമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ്ങിന്റെ ഇംഫാല്‍ നഗരത്തിലെ വീടിനുനേരെ ആദ്യം പെട്രോള്‍ ബോംബ് എറിഞ്ഞ് തീപടര്‍ത്തി, പിന്നീട് തല്ലിത്തകര്‍ക്കുകയായിരുന്നു. അക്രമം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കൊച്ചിയില്‍ ബി.ജെ.പി.യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇംഫാലില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം പാടെ തകര്‍ന്നുവെന്ന് കേന്ദ്ര മന്ത്രി തന്നെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

തൊട്ടുദിവസം മുമ്പ് സംസ്ഥാനമന്ത്രി നെംച കിപ്ഗെനിന്റെ ഇംഫാലിലെ വീടും ആക്രമിച്ച് തീയിട്ടിരുന്നു. കുക്കി ഗോത്രവര്‍ഗക്കാരിയായ ഇവര്‍ മണിപ്പുരിലെ ഏക വനിതാമന്ത്രിയാണ്.

ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംഎല്‍എ വുങ്സഗിന്‍ വാല്‍തെ ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയിലാണ്. ആള്‍ക്കൂട്ട ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേയ് 24ന് നൂറോളം പേര്‍ ചേര്‍ന്ന് പി.ഡ്ബ്ല്യു.ഡി മന്ത്രി ഗോവിന്ദാസ് കൊന്ത്ജൗമിന്റെ വീട് തകര്‍ക്കുകയുണ്ടായി.

തന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കേരളത്തിലായിരുന്നു കേന്ദ്ര മന്ത്രി രഞ്ജന്‍ സിങ് പ്രതികരണം ഇങ്ങനെയായിരുന്നു. ‘മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയ കലാപമല്ല. രണ്ടു സമുദായങ്ങള്‍ തമ്മില്‍ തെറ്റിദ്ധാരണയെത്തുടര്‍ന്നുള്ള ഏറ്റുമുട്ടലാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ താന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്വന്തം വീടുതന്നെ കത്തിച്ചിരിക്കുന്നു. എന്റെ വിയര്‍പ്പാണത്, ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണംകൊണ്ടുണ്ടാക്കിയതാണത്. ഞാന്‍ അഴിമതിക്കാരനല്ല. മണിപ്പുരില്‍ നടക്കുന്നത് വര്‍ഗീയകലാപമല്ല. ഹിന്ദുക്കളാണ് ഹിന്ദുവായ എന്റെ വീടാക്രമിച്ചത്. അക്രമികളെ ഹിന്ദുക്കളായല്ല, ആള്‍ക്കൂട്ടമായാണ് ഞാന്‍ കാണുന്നത്. ഇതില്‍ മതമോ വര്‍ഗീയതയോ ഇല്ല. മണിപ്പുരില്‍ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. അക്രമികള്‍ മതം നോക്കിയല്ല തീയിടുന്നത്’.

മണിപ്പൂരില്‍ മേയ് മൂന്നിന് തുടങ്ങിയ കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘര്‍ഷം കൂടുതല്‍ വഷളായി വരികയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സംഘര്‍ഷം വര്‍ധിക്കുകയാണ് ഉണ്ടായത്.

Top