മോണാലിസ ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ച് ആക്രമണം; കേടുപാടുകൾ സംഭവിച്ചില്ല

ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിൻ്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാൽ കേടുപാടുകൾ സംഭവിച്ചില്ല. പാരീസിലെ ലൂവർ മൂസിയത്തിലാണ് ചിത്രം ഉള്ളത്. ഈ ചിത്രത്തിന് നേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ്പ് ഒഴിച്ചത്.

പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്.

2022ല്‍ മൊണാലിസ പെയിന്റിങ്ങിന് നേരെ കടുക് എറിഞ്ഞുള്ള പ്രതിഷേധവും ഉണ്ടായിരുന്നു. ലൂവ്രെ മ്യൂസിയത്തില്‍ വീല്‍ച്ചെയറില്‍ സ്ത്രീ വേഷം ധരിച്ച് ഒരു പുരുഷന്‍ എത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. 1950കള്‍ മുതലാണ് മൊണാലിസ പെയിന്റിങ്ങിന്റെ സുരക്ഷ കൂട്ടിത്തുടങ്ങിയത്. സന്ദര്‍ശകരിലൊരാള്‍ അന്ന് പെയിന്റിങ്ങിലേക്ക് ആസിഡ് ഒഴിച്ചിരുന്നു. 2019ലാണ് ബുള്ളറ്റ് പ്രൂഫ് ക്ലാസിലേക്ക് മാറുന്നത്.

1911ല്‍ ലൂവ്രെ മ്യൂസിയത്തില്‍ നിന്ന് മൊണാലിസ പെയിന്റിങ് മോഷ്ടിക്കപ്പെട്ടിരുന്നു. മ്യൂസിയത്തിലെ ജീവനക്കാരില്‍ ഒരാളായിരുന്നു അതിന് പിന്നില്‍. രണ്ട് വര്‍ഷത്തിന് ശേഷം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പിന്നെ മോഷ്ടിക്കപ്പെട്ട പെയിന്റിങ് കണ്ടെത്താനായത്.

Top