എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം; വേദിയിൽ വച്ച് കുത്തേറ്റു

ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. പ്രസം​ഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേറ്റു. ന്യൂയോർക്കിൽ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. അക്രമിയെ കസ്റ്റഡിയിലെടുത്തു.

അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെയായിരുന്നു ആക്രമണം. മുഖത്ത് കുത്തേറ്റ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.

75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു. സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ട്. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം.

Top