വനിതാപൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസ് ; അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

bjp

കൊച്ചി : പറവൂരില്‍ വനിതാപൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വടക്കേക്കര സ്റ്റേഷനിലെ പി.എന്‍.ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്.

കൊടുങ്ങല്ലൂര്‍ കാവില്‍കടവ് അടിച്ചാല്‍ സന്തോഷ് (42), കളപ്പാട്ട് ഉണ്ണികൃഷ്ണന്‍ (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരില്‍ നിന്നെത്തിയ 10 പേരുടെ സംഘമാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പ്രതിഷേധക്കാരുടെ ഫോട്ടോയെടുത്തതിനാണ് ഷീജയ്ക്കു മര്‍ദനമേറ്റത്. വടക്കേക്കര സ്റ്റേഷന്‍ പരിധിയിയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയാണ് ഇവര്‍. ഇവരുടെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ പ്രതിഷേധക്കാര്‍ കരണത്ത് അടിക്കുകയും റോഡില്‍ തള്ളിയിടുകയും ചെയ്തു.

ഈ സമയത്തു അപ്രതീക്ഷിതമായി അതുവഴി വന്ന കെഎസ്ആര്‍ടിസി ജീവനക്കാരനായ ഷീജയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. ഷീജയുടെ ഫോണ്‍ കണ്ടെടുത്തിട്ടില്ല.

ഗുരുവായൂരില്‍ നിന്നു ചേര്‍ത്തലയ്ക്കു പോകുകയായിരുന്ന ബസാണു തടഞ്ഞത്. ആദ്യം കോട്ടപ്പുറം പാലത്തിനു സമീപം ഈ ബസ് തടഞ്ഞിരുന്നു.

ചക്കുമരശേരിക്കു സമീപം മറ്റൊരു കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. ഈ ബസിന്റെ ചിത്രങ്ങളെടുത്തു വടക്കേക്കര സ്റ്റേഷനിലേക്കു പോകുന്നതിനിടെ തുരുത്തിപ്പുറം പമ്പിനു സമീപം ബസ് തടഞ്ഞതു കണ്ടാണു ഷീജ അക്രമികളുടെ ചിത്രമെടുത്തത്. പരുക്കേറ്റ ഷീജ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി

Top