പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച പ്രതികള്‍ ഒളിവില്‍

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച പ്രതികള്‍ ഒളിവില്‍. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ട്.

കല്ലാച്ചിയില്‍ താമസിക്കുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് നേരെ ഞായറാഴ്ച രാത്രിയാണ്
അക്രമമുണ്ടായത്. പത്തിലധികം വരുന്ന സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു.

ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.  ഷഫീഖ് ഉള്‍ ഇസ്‌ളാമിന്റെ തലയില്‍ മരക്കഷ്ണം കൊണ്ടും ഇരുമ്പുകൊണ്ടും അടിച്ച്, അഞ്ച് തുന്നലുകളാണ് ഉള്ളത്. ഷജ അബ്ദുളിനും അഷാദുള്‍ മൊണ്ടലിനും മുതുകത്താണ് തടിക്കഷണം കൊണ്ട് അടി കിട്ടിയത്. എന്നിട്ടും പൊലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാതെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനാണ് പൊലീസ് കേസെടുത്തത്.

പരുക്കേറ്റ മൂവരെയും നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഞായറാഴ്ച വൈകിട്ട് കല്ലാച്ചിയില്‍ നടന്ന പ്രകടനത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തത്.

ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് നാദാപുരത്തുനിന്നും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് തിരികെ പോവുകയാണ്.

 

 

Top