കുഞ്ചാക്കോ ബോബനു നേരെ വധശ്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകാന്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മാവേലി എക്സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്.

ആദ്യം അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു കേട്ട യാത്രക്കാര്‍ അവിടേക്ക് എത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കണ്ണൂരിലെത്തിയ നടന്‍ ഫോണിലൂടെ പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ പരാതി അറിയിക്കുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌ഐ മൊഴി രേഖപ്പെടുത്തി.

റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് എറണാകുളം റെയില്‍വേ പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Top