രണ്ട് ദിവസം കൊണ്ട് തകര്‍ന്നത് 100 കെഎസ്‌ആര്‍ടിസി ബസുകള്‍; നഷ്ടം 3.35 കോടി രൂപ

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമണം.

രണ്ട് ദിവസം കൊണ്ട് 100 ബസുകളാണ് തകര്‍ക്കപ്പെട്ടത്. അക്രമത്തില്‍ കോര്‍പറേഷനുണ്ടായ നഷ്ടം 3.35 കോടി രൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ബസുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായ നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വരും. വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിദേശത്തു നിന്ന് എത്തിക്കേണ്ടി വന്നേക്കാം. ഇതുമൂലം ബസുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന നഷ്ടം ഒരിക്കലും സര്‍ക്കാര്‍ നികത്താറില്ല. നികത്തിയ ചരിത്രം ഇതുവരെയില്ല. കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുന്നത് സര്‍ക്കാരിനുള്ള ഏറായി തെറ്റിദ്ധരിക്കരുത്. കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും ടോമിന്‍ തച്ചങ്കരി അഭ്യര്‍ഥിച്ചു.

Top