കെ.ടി ജലീലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍: ബൈക്കില്‍ നിന്നുവീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി കെ ടി ജലീലിനെ കയ്യേറ്റം ചെയ്യാനും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനും ശ്രമിച്ച കേസില്‍ മുഖ്യ പ്രതി ഉള്‍പ്പെടെ രണ്ട് ലീഗ് പ്രവര്‍ത്തകരെ കൂടി കല്‍പകഞ്ചേരി എസ്ഐ പ്രിയനും സംഘവും അറസ്റ്റ് ചെയ്തു.

പെരുമണ്ണ താളിക്കാടന്‍ മുഹ്‌സിന്‍ (24) വെന്നിയൂര്‍ കല്ലിങ്ങഞ്ഞൊടി ഇല്ല്യാസ് (40)എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയാണ് മുഹ്‌സിന്‍ – സംഭവത്തിന് ശേഷം സേലത്ത് ഒളിവിലായിരുന്ന പ്രതിയെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചെട്ടിയാം കിണറില്‍ വച്ചാണ് അക്രമം നടന്നത്. പുറത്തൂരില്‍ നിന്നും കരിപ്പൂരിലേക്ക് പോകുന്നതിനിടെ ചെട്ടിയാം കിണറില്‍ വച്ച് റോഡില്‍ ബൈക്കില്‍ നിന്നും വീണ യുവാക്കളെ മന്ത്രി രക്ഷപ്പെടുത്താനിറങ്ങിയപ്പോള്‍ മുഹ്‌സിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കയ്യേറ്റം ചെയ്യുകയും സംഭവം ഫോണില്‍ ചിത്രീകരിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

മുഹ്‌സിനാണ് മന്ത്രിയെ തടഞ്ഞ് നിര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയം കാറിലെത്തിയ ഇല്യാസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മുസ്ലിം ലീഗിന്റെ ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇല്ല്യാസ് വാളക്കുളത്തെ യൂത്ത് ലീഗ് നേതാവും , മുഹ്‌സിന്‍ ലീഗ് പ്രവര്‍ത്തകനുമാണ്.

Top