കര്‍ഷകര്‍ക്കെതിരായ ആക്രമണം; അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ അഭിപ്രായം തേടി ഡല്‍ഹി ഹൈക്കോടതി

farmers 1

ന്യൂഡല്‍ഹി: കേന്ദ സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജനുവരി 29ന് ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെയും അഭിപ്രായം തേടി ഡല്‍ഹി ഹൈക്കോടതി.

ഹര്‍ജിയില്‍ കര്‍ഷകര്‍ക്ക് എതിരായ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പൊലീസിന്റെ സഹായത്തോടെയാണ് കര്‍ഷകരെ ക്രൂരമായി ആക്രമിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പൊലീസില്‍ പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

സി.ബി.ഐ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ വനിതാ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിപ്രായം കോടതി തേടിയത്.

Top