ATS wants jail term for filing fake IS complaints

മുംബൈ: വ്യക്തിവിരോധവും കുടിപ്പകയും തീര്‍ക്കാന്‍ നിരപരാധികള്‍ക്കെതിരെ ഐ.എസ് ബന്ധം ആരോപിച്ച് അന്വേഷണത്തില്‍ കുരുക്കുന്നതിനെരെ മഹാരഷ്ട്ര ഭീകരവിരുദ്ധ സേന രംഗത്ത്.

നിരപരാധികള്‍ക്കെതിരെ ഇത്തരം വ്യാജ വിവരം നല്‍കുന്നത് കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.എസ് സര്‍ക്കാരിന് കത്ത് നല്‍കി.

ഐ.എസ് ബന്ധമുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെയും (എ.ടി.എസ്) മുംബൈ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിന് വിധേയമായത് 80 വയസ്സുകാരന്‍ ഇമാമടക്കം 300ഓളം നിരപരാധികളാണ്. കഴിഞ്ഞ എട്ടു മാസത്തിനിടെയാണ് വിവിധ ഏജന്‍സികള്‍ക്ക് 300ലേറെ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചത്. വ്യക്തി വൈരാഗ്യവും മറ്റുമാണ് നിരപരാധികള്‍ക്ക് എതിരെ വ്യാജ ഐ.എസ് ബന്ധാരോപണത്തിന്റെ പിന്നിലെന്ന് എ.ടി.എസ് പറഞ്ഞു.

ഈയിടെ കുര്‍ളയിലെ കബാബ് കച്ചവടക്കാരന് ഐ.എസ് ബന്ധമുണ്ടെന്നും സ്ഥാപനത്തിന് അടുത്തുവെച്ച് രാത്രികളില്‍ കൂട്ടമായ ചര്‍ച്ചയും മറ്റും നടക്കാറുണ്ടെന്നും എ.ടി.എസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, വിവരം വ്യാജമാണെന്നും കബാബ് വില്‍ക്കുന്ന സ്റ്റാളിനു പിറകിലെ പലചരക്കു കടക്കാരനാണ് വിവരം നല്‍കിയതെന്നും എ.ടി.എസ് അന്വേഷണത്തില്‍ കണ്ടെത്തി. പലചരക്കു കടക്ക് മറയായ കബാബ് സ്റ്റാള്‍ പൂട്ടിക്കുകയായിരുന്നുവത്രെ ലക്ഷ്യം.

ഐ.എസ് ബന്ധാരോപണത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിന് വിധേയമാകുന്നവരും അവരുടെ കുടുംബങ്ങളും സാമൂഹിക പ്രതിസന്ധികള്‍ നേരിടുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതേതുടര്‍ന്ന് ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്നവരെ രഹസ്യമായി നിരീക്ഷിക്കുകയാണിപ്പോള്‍ ഏജന്‍സികള്‍.

Top