ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം; ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമര്‍ശിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസില്‍ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്.

പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നല്‍കിയ മറുപടി തിരുത്തി. എന്നാല്‍ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതാണ് വിഷയത്തിലുണ്ടായ സാങ്കേതിക പിഴവെന്നാണ് വിശദീകരണം.

നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

 

Top