atm robbery ; pinarayi statement

pinarayi

തിരുവനന്തപുരം: ഹൈടെക് രീതിയില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികളെ മണിക്കൂറുകള്‍ക്കകം കുടുക്കിയ കേരള പൊലീസിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള പൊലീസ് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പൊലീസ് പറഞ്ഞു. ഇത് ചെന്നിത്തലയുടെ പൊലീസ് അല്ല. കേരളം കൊള്ളക്കാരുടെ പറുദീസയായെന്നു പറഞ്ഞ രമേശ് ചെന്നിത്തല, പ്രതികളെ ഇത്രവേഗം പൊലീസ് പിടികൂടുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

അദ്ദേഹത്തിന് വശമുള്ള പൊലീസ് ഭരണത്തിന്റെ രീതി വച്ചുനോക്കിയാല്‍ അങ്ങനെ അദ്ദേഹത്തിന് ചിന്തിക്കാന്‍ കഴിയില്ലല്ലോ എന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

യുക്തിയുടെയും ശാസ്ത്രീയതയുടെയും വഴികളിലൂടെയാണ് പൊലീസ് ടീം ആധുനികസംവിധാനങ്ങളോടെ വന്ന ക്രിമിനല്‍ സംഘത്തെ തകര്‍ത്തത്. ഇതര സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാകുന്ന തരത്തിലായിരുന്നു കേരള പൊലീസിന്റെ പ്രവര്‍ത്തനം. ആത്മാര്‍ഥമായും സത്യസന്ധമായും അര്‍പ്പണബോധത്തോടെയും ചുമതല നിര്‍വഹിച്ച പൊലീസ് ടീമിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.

‘വിദേശ ക്രിമിനലുകളുടെ താവളമായി കേരളം’ എന്ന് പ്രസ്താവനയിറക്കിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇനിയെങ്കിലും തന്റെ പ്രസ്താവന തിരുത്തുന്നത് ഉചിതമായിരിക്കും. ‘സ്വദേശത്തും വിദേശത്തുമുള്ള കള്ളന്മാര്‍ക്ക് കേരളത്തില്‍ രക്ഷയില്ലാതായി’ എന്ന് ഭേദഗതിപ്പെടുത്തിയാല്‍ അതില്‍ സത്യമുണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും.

എവിടെയെങ്കിലും ഒരു കുറ്റകൃത്യമുണ്ടാകുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് രാഷ്ട്രീയമുതലെടുപ്പിനായി അതുപയോഗിക്കാന്‍ വ്യഗ്രതപ്പെടുന്ന ശൈലി ആര്‍ക്കും ഗുണകരമല്ല. പുതിയ ഭരണത്തില്‍ കേരള പൊലീസിന്റെ കാര്യക്ഷമത ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.

ജിഷ വധക്കേസ്, കിളിമാനൂര്‍ കൊലപാതകം, കാക്കനാട് എടിഎം കവര്‍ച്ച കൊലപാതക കേസ് എന്നിവമുതല്‍ റുമേനിയക്കാരുടെ എടിഎം തട്ടിപ്പുവരെയുള്ള പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിലെല്ലാം മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റുണ്ടായത്. അന്വേഷണത്തെ ‘ഇരുട്ടില്‍ തപ്പലാക്കി’ മാറ്റിയ മുന്‍ ആഭ്യന്തരമന്ത്രിക്ക് ഈ മാറ്റത്തില്‍ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്.

ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചെരുപ്പ്, മരത്തില്‍ കെട്ടിത്തൂക്കിയിട്ട് ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈകഴുകിയ പൊലീസ് ഭരണത്തിന്റെ കാലം പോയിമറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Top