ATM robbery in Malappuram

മലപ്പുറം: മലപ്പുറത്തും എടിഎം തട്ടിപ്പ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മൂന്ന് ജീവനക്കാരില്‍ നിന്നായി 86000രൂപ തട്ടിയെടുത്തു.ഫോണില്‍ ബന്ധപ്പെട്ട് പിന്‍ നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സെക്ഷന്‍ സൂപ്രണ്ടുമാരായ ദാമോദരന്‍,ഷീജ എന്നിവരാണ് തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഇവരെ ടെലിഫോണില്‍ ബന്ധപ്പെട്ട സംഘം എടിഎം നമ്പറും രഹസ്യ പിന്‍ നമ്പറും ആവശ്യപ്പെടുകയായിരുന്നു.ഏടിഎം കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകാറായെന്നും പുതുക്കാന്‍ പിന്‍ നമ്പര്‍ നല്‍കണമെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.പിന്‍ നമ്പര്‍ നല്കി അരമണിക്കൂര്‍ കഴിഞ്ഞ് പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലില്‍ സന്ദേശം വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.

ഉടന്‍ ബാങ്കിലെത്തി അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. മൂന്ന് പേരില്‍ നിന്നുമായി 86000 രൂപയാണ് നഷ്ടമായത്.കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട്.

സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലയാളത്തിലായിരുന്നു ടെലഫോണ്‍ സംഭാഷണമെന്നാണ് സൂചന. ഇന്റര്‍നെറ്റ് മുഖാന്തിരമാണ് തട്ടിപ്പ് സംഘം വിളിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Top