മാവേലിക്കര: ഐ ഡി ബി ഐ ബാങ്കിന്റെ മാവേലിക്കര എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ മൂവര്‍ സംഘം പൊലീസ് പിടിയില്‍.
അമ്പലപ്പുഴ പനയ്ക്കല്‍ പുരയ്ക്കല്‍ വീട്ടില്‍ ബിബിന്‍ ജോണ്‍സണ്‍(21), കരുമാടി പടിഞ്ഞാറെ മുറി മോടിയില്‍ വീട്ടില്‍ ആഷിഖ്(18), അമ്പലപ്പുഴ കക്കാഴം ഗോകുല്‍ നിവാസില്‍ ഗോകുല്‍(18) എന്നിവരാണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്.
മാവേലിക്കര പുളിമൂട് ജംഗ്ഷന് സമീപമുള്ള ഐ ഡി ബി ഐ ബാങ്കിന്റെ എടിഎം ആണ് കുത്തിതുറന്ന് മോഷണം നടത്താന്‍ ഇവര്‍ ശ്രമിച്ചത്.
തലയില്‍തുണി കെട്ടിയും മുഖം മൂടിയുമെത്തിയ ഇവര്‍ എടിഎം കൗണ്ടറിനകത്തു പ്രവേശിച്ച് ക്യാഷ് ബോക്‌സ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് കായംകുളം, ആലപ്പുഴ, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങള്‍ വരെയുള്ള സിസിറ്റിവി ദൃശ്യങ്ങളും നൂറു കണക്കിന് മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ചും, ഫിംഗര്‍ പ്രിന്റ് കേന്ദ്രീകരിച്ചും നടന്ന രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കണ്ടെത്തുവാന്‍ വലിയ പരിശ്രമം തന്നെ വേണ്ടിവന്നുവെന്ന് പൊലീസ് വ്യക്തമാക്കി.