ATM fraud : EVIDENCE FOR LONGTIME PREPARATION

മുംബൈ: തിരുവനന്തപുരത്ത് എടിഎം തട്ടിപ്പിനായുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പു തുടങ്ങിയതിനു തെളിവ്.

ഇക്കഴിഞ്ഞ മേയ് മാസം പണം പിന്‍വലിച്ചവരും തട്ടിപ്പിനിരയായി. പൊലീസിനു ലഭിച്ച രേഖകള്‍ പ്രകാരം ജൂണ്‍ 30 മുതല്‍ ജൂലൈ ഒന്‍പതുവരെയാണ് തിരുവനന്തപുരം ആല്‍ത്തറയിലെ എസ്ബിടി എടിഎമ്മില്‍ തട്ടിപ്പു നടന്നത്.

എന്നാല്‍ മേയ് 31ന് ഇതേ എടിഎമ്മില്‍ അവസാനമായി ഇടപാടു നടത്തിയ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്നും തട്ടിപ്പുകാര്‍ പണം പിന്‍വലിച്ചു.

ജൂണ്‍ 30നു മുന്‍പുതന്നെ എസ്ബിടി എടിഎമ്മില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്തിരുന്നു. അരുണിന്റെ അക്കൗണ്ടില്‍നിന്നു തട്ടിപ്പുകാര്‍ അവസാനമായി പിന്‍വലിച്ചത് 100 രൂപയാണ്.

ഇതുപിന്തുടര്‍ന്നാണ് ഗബ്രിയേല്‍ മരിയനെ പൊലീസ് അറസ്റ്റു ചെയ്തത്.

തട്ടിപ്പു കേസില്‍ പൊലീസിന്റെ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ മൂന്നു മാസത്തെ വീസയിലാണ് എത്തിയത്.

രണ്ടു മാസമായി ഇന്ത്യയിലുണ്ട്. കേരളത്തിനും മുംബൈക്കും പുറമെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളും ഇയാള്‍ സന്ദര്‍ശിച്ചിരുന്നുവെന്നതിന് അന്വേഷണ സംഘത്തിനു തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

അതേസമയം, അറസ്റ്റിലായ ഗബ്രിയേല്‍ മരിയനെ ഇന്നു വൈകിട്ടോടെ കേരളത്തിലെത്തിക്കും. നവി മുംബൈ ബേലാപൂര്‍ കോടതി അഞ്ചു ദിവസത്തേക്കു ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ ഇയാളെ കേരള പൊലീസ് സംഘത്തിനു കൈമാറിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണു തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കേരളത്തിലേക്കെത്തിക്കുന്നത്.

നവി മുംബൈ വാശിയിലെ തുംഗ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായത്.

95,000 രൂപ, തട്ടിപ്പിന് ഉപയോഗിക്കുന്ന ക്യാമറ, ചിപ്പുകള്‍ എന്നിവ ഇയാളില്‍ നിന്നു കണ്ടെടുത്തു. എടിഎമ്മുകളില്‍ ക്യാമറ ഘടിപ്പിക്കുന്ന ജോലിയാണു താന്‍ ചെയ്തിരുന്നതെന്നും മോഷണം നടത്തിയതു സംഘത്തിലെ മറ്റുള്ളവരാണെന്നുമാണു ഗബ്രിയേല്‍ പൊലീസിനോടു പറഞ്ഞത്.

മറ്റുള്ള റുമേനിയക്കാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങിയെന്നാണ് ഇയാള്‍ പറയുന്നതെങ്കിലും മുംബൈയടക്കമുള്ള നഗരങ്ങളില്‍ ഇവരുടെ സംഘവുമായി ബന്ധമുള്ളവര്‍ ഉണ്ടാകാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഗബ്രിയേല്‍ തട്ടിപ്പിനു പിന്നാലെ മുംബൈയിലേക്കു കടക്കുകയും വിവിധ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുകയും ചെയ്തപ്പോള്‍ മറ്റു മൂന്നുപേരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയാണു കടന്നത്.

ഒരാള്‍ ചെന്നൈ വിമാനത്താവളമാര്‍ഗം രാജ്യം വിട്ടപ്പോള്‍ മൂന്നാമന്‍ മുംബൈയില്‍ പോയി അവിടെ നിന്നാണു മുങ്ങിയത്.

ചെന്നൈ വഴി മുങ്ങിയ പ്രതി ബാങ്കോക്കിലേക്കു പോയെന്നു വിവരം ലഭിച്ചിട്ടുണ്ട്.

രാജ്യം വിട്ട ക്രിസ്ത്യന്‍ വിക്ടര്‍ (26), ബോഗ്ഡീന്‍ ഫ്‌ലോറിയന്‍ (25), ഫ്‌ലോറിന്‍ ഇയോണ്‍ എന്നിവരെ കേരളത്തിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെയും പൊലീസ് കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെയും സഹായം തേടിയതായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഐജി മനോജ് ഏബ്രഹാം പറഞ്ഞു.

×

Top