എ.ടി.എം തട്ടിപ്പ് ; കൊല്ലത്ത് യുവാവിന് നഷ്ടമായത് ഇരുപത്തൊന്നായിരം രൂപ

കൊല്ലം : കരുനാഗപ്പള്ളിയില്‍ എ.ടി.എം തട്ടിപ്പിലൂടെ യുവാവിന് ഇരുപത്തൊന്നായിരം രൂപ നഷ്ടമായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പണം പിന്‍വലിച്ചതായി കരുനാഗപ്പള്ളി സ്വദേശി നവാസിന് ഫോണില്‍ സന്ദേശം ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലുള്ള അക്കൌണ്ടില്‍ നിന്നും ആദ്യം ഇരുപതിനായിരവും പിന്നീട് ആയിരവും നഷ്ടപ്പെട്ടു.

നെറ്റ് ബാങ്കിംഗ് വഴി പരിശോധിച്ചപ്പോള്‍ ഗുജറാത്തിലെ ഭോപ്പാലിലുള്ള എ.ടി.എമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എ.ടി.എം കാര്‍ഡിന്റെ നമ്പറോ പിന്‍ നമ്പറോ തുടങ്ങിയ വിവരങ്ങളൊന്നും ആര്‍ക്കും കൈമാറിയിട്ടില്ലെന്നും നവാസ് പറഞ്ഞു.

ചില ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു എന്നിവ നല്‍കേണ്ടതായി വരും. ഇത്തരത്തിലുള്ള ഇടപാടുകളിലൂടെ എ.ടി.എമ്മിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതാകാമെന്ന് ബാങ്ക് നല്‍കുന്ന വിശദീകരണം. പണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി എസ്.ബി.ഐ കരുനാഗപ്പള്ളി ശാഖയിലും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Top