കൊട്ടിയം തഴുത്താലത്ത് സ്വകാര്യ ഏജന്‍സിയുടെ എ.ടി.എം. തകര്‍ത്ത് 6,16,000 രൂപ കവര്‍ന്നു

atm

കൊട്ടിയം: എ.ടി.എം. തകര്‍ത്ത് 6,16,000 രൂപ കവര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല മഹാഗണപതിക്ഷേത്രത്തിനു സമീപത്തെ
ഇന്ത്യ വണ്‍ എന്ന സ്വകാര്യ ഏജന്‍സിയുടെ എ.ടി.എം. തകര്‍ത്തത്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം.

നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തായിരുന്നു പണം മോഷ്ടിച്ചത്. മെഷീന് പുറകുവശത്ത് പ്രത്യേക മുറിയിലെ സി.സി.ടി.വി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസിന് ലഭിച്ചു. അതില്‍നിന്ന് മോഷ്ടാക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഞായറാഴ്ച രാവിലെ എ.ടി.എം. വൃത്തിയാക്കുന്നതിനായി എത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിയുന്നത്. എടിഎമ്മിന്റെ ഷട്ടറുകള്‍ പകുതി താഴ്ത്തിയനിലയിലായിരുന്നു. സംശയംതോന്നിയ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് എ.ടി.എം. തകര്‍ത്തനിലയില്‍ കണ്ടത്.

തുടര്‍ന്ന് എ.ടി.എമ്മിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും കൊട്ടിയം പൊലീസിനെയും വിവരമറിയിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ എ.ടി.എം. തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന കാസെറ്റുകളടക്കമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

വിവിധ ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കാവുന്ന എ.ടി.എമ്മാണിത്. പതിനാറാം തീയതിയാണ് എ.ടി.എമ്മില്‍ പണം നിറച്ചതെന്ന് ഫ്രാഞ്ചൈസിയായ കല്ലട സ്വദേശി അഭിലാഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസന്‍, ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്, കൊട്ടിയം ഇന്‍സ്പെക്ടര്‍ അജയ്നാഥ്, എസ്.ഐ. അനൂപ്, എ.എസ്.ഐ. സണ്ണോ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സിറ്റി ഷാഡോ ടീമും എത്തിയിരുന്നു.

Top