ലാ ലിഗയില്‍ ബാഴ്‌സക്കെതിരെ അത്ലറ്റികോ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ മോശം പ്രകടനം തുടരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലും റൊണാള്‍ഡ് കോമാന്റെ സംഘം തോറ്റു.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തോല്‍വി. കോമാന്‍ പരിശീലകനായി എത്തിയതിനു പിന്നാലെ ടീമില്‍ നിന്ന് ഒഴിവാക്കിയ ലൂയിസ് സുവാരസാണ് ബാഴ്‌സയെ തകര്‍ത്തത്. ഒരു ഗോള്‍ നേടിയ സുവാരസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

23-ാം മിനിറ്റില്‍ സുവാരസിന്റെ കൃത്യമായ പാസില്‍ നിന്ന് തോമസ് ലെമറാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 44-ാം മിനിറ്റില്‍ സുവാരസ്, ഡിയഗോ സിമിയോണിയുടെ സംഘത്തിന്റെ ലീഡുയര്‍ത്തി.

എന്നാല്‍ തന്റെ മുന്‍ ടീമിനെതിരായ ഗോള്‍ നേട്ടം സുവാരസ് ആഘോഷിച്ചില്ല.
മത്സരത്തിലുടനീളം പന്ത് കൈവശം വെക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല.

ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. 12 പോയന്റ് മാത്രമുള്ള ബാഴ്‌സ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് ജയം കാണാനായത്

 

Top