ഷാരൂഖ് ഖാന്‍, വിജയ് ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്ന് ആറ്റ്ലി

ഷാരൂഖ് ഖാന്‍, വിജയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്ന് ആറ്റ്ലി. ഒരുമിച്ച് ചിത്രം ചെയ്യാന്‍ ഇരുവരും സമ്മതിച്ചുവെന്നും ആറ്റ്ലി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജവാന്റെ ഷൂട്ടിനിടെയായിരുന്നു എന്റെ പിറന്നാള്‍. സിനിമയില്‍ എല്ലാരും സുഹൃത്തുക്കളാണെങ്കിലും വളരെ അടുത്ത കൂട്ടുകാര്‍ കുറവാണ്. വിജയ് അണ്ണന്‍ മാത്രമാണ് വളരെ അടുത്ത സുഹൃത്ത്. വിജയ് അണ്ണനെ ഞാന്‍ പിറന്നാള്‍ പാര്‍ട്ടിക്ക് വിളിച്ചു, അദ്ദേഹം വരാമെന്ന് പറഞ്ഞു. അവിടെ വെച്ച് വിജയ് അണ്ണനും ഷാരൂഖ് സാറും എന്തോ പരസ്പരം സംസാരിച്ചതിന് ശേഷം എന്നെ വിളിച്ചു. ‘നീ എപ്പോഴെങ്കിലും രണ്ട് നായകന്മാരുള്ള ചിത്രം ചെയ്യാന്‍ പദ്ധതിയിടുന്നെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും അതിന് തയാറാണ്’ എന്ന് ഷാരൂഖ് സാര്‍ എന്നോട് പറഞ്ഞു. അതെയെന്ന് വിജയ് അണ്ണനും പറഞ്ഞു. കഥ തയാറാക്കിയിട്ട് അവരെ അറിയിക്കാനും ആവശ്യപ്പെട്ടു. എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതിയാണ് അവര്‍ ഇത് പറഞ്ഞത്. അവരാവശ്യപ്പെട്ടത് പോലൊന്ന് ചെയ്യാനുള്ള കഠിനശ്രമത്തിലാണ് ഞാന്‍. ചിലപ്പോള്‍ അതാകാം എന്റെ അടുത്ത ചിത്രം. ഞാന്‍ പരിശ്രമിക്കും, നടന്നാല്‍ നല്ലതല്ലേ. ഒരു ഹോളിവുഡ് സ്റ്റുഡിയോയും സിനിമ ചെയ്യാനായി ബന്ധപ്പെട്ടിട്ടുണ്ട്’, ആറ്റ്ലി പറഞ്ഞു.

ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാനത്തെ ചിത്രം. 1000 കോടിയിലധികം രൂപ ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയിരുന്നു. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളായി എത്തിയിരുന്നു. റഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ‘ജവാന്‍’ നിര്‍മിച്ചത്.

Top