atlas ramachandran still in prison-vijay mallya ecsaped

ദുബായ്: പ്രമുഖ ജ്വല്ലറി വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അഴിക്കുള്ളിലായിട്ട് പത്ത് മാസവും പതിനാല് ദിവസവും പിന്നിട്ടു.

34 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്കുകള്‍ 15 ബാങ്കുകള്‍ക്ക് നല്‍കിയെന്ന കേസിലാണ് 2015 ആഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ മകള്‍ മഞ്ജുവും തട്ടിപ്പ് കേസില്‍ ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു.

നവംബര്‍ 12നാണ് മൂന്ന് വര്‍ഷത്തെ തടവിന് അറ്റ്‌ലസ് രാമചന്ദ്രനെ കോടതി ശിക്ഷിച്ചത്.

അറസ്റ്റിനും വിചാരണക്കുമെല്ലാം നിരവധി വര്‍ഷങ്ങളുടെ കാലതാമസമെടുക്കുന്ന ഇന്ത്യന്‍നിയമമല്ല ദുബായിലേത് എന്നതിനാല്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു.

രാമചന്ദ്രന്‍ അറസ്റ്റിലായതോടെ അദ്ദേഹത്തെ അതുവരെ വാഴ്ത്തി നടന്നവരും അദ്ദേഹത്തിന്റെ സഹായം പറ്റിയവരും മാത്രമല്ല സുഹൃത്തുക്കളായ പല പ്രമുഖ ബിസിനസ്സുകാര്‍ പോലും ഉള്‍വലിഞ്ഞു.

ഗള്‍ഫിലെ ഇരുപതോളം ബാങ്കുകളില്‍ നിന്നായി 1000 കോടി രൂപ (555 ദശലക്ഷം ദിര്‍ഹം) വായ്പയെടുത്ത് വകമാറ്റി ചെലവഴിച്ചു എന്നുള്ളതും 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടതുമായ 2 കേസുകളാണ് പ്രധാനമായും രാമചന്ദ്രനും മകള്‍ക്കുമെതിരെ ദുബായ് കോടതിയില്‍ നിലവിലുള്ളത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ പതനത്തിനു തുടക്കം ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട Gee EI Woollens എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ഏറ്റെടുക്കുന്നതോടെയാണ് എന്നാണ് പറയപ്പെടുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ അദ്ദേഹം വാങ്ങിക്കൂട്ടുകയായിരുന്നു. ഇതിനെ പിന്നീട് അറ്റ്‌ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു.

എന്നാല്‍ ഇതിന്‌ശേഷം സ്വര്‍ണ്ണത്തിന്റെ വില ഇടിഞ്ഞത് കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചു കളഞ്ഞു. കൂടാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ ഇടപെടലുകളും വലിയ ബാധ്യതക്ക് കാരണമായി.

സ്വര്‍ണ്ണം വാങ്ങാനെന്ന പേരില്‍ പിടിച്ച് നില്‍ക്കാന്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വന്‍തുകയും നഷ്ടമായതായാണ് അപ്രതീക്ഷിതമായ പതനത്തിന് ഒടുവില്‍ രാമചന്ദ്രന് വഴി ഒരുക്കിയത്.

കഴിഞ്ഞ പത്ത് മാസത്തിലധികമായി ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന് റംസാന്‍ പ്രമാണിച്ച് പൊതുമാപ്പ് നല്‍കി വിട്ടയക്കുമെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല സമാനമായ രൂപത്തില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി തടവിലായിരുന്ന പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിയെ പൊതുമാപ്പ് നല്‍കി വിട്ടയക്കുകയും ചെയ്തു.

നൂറ് കണക്കിന് തടവുകാരെയാണ് റംസാന്‍ പ്രമാണിച്ച് ദുബായ് ഭരണകുടം ഇതിനകം മോചിപ്പിച്ചത്.

ഇതോടെ ഇനി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അറ്റ്‌ലസ് രാമചന്ദ്രന് ജയില്‍മോചനം സാധ്യമാകുവെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ഇന്ത്യയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് ലണ്ടനിലേക്ക് പറന്ന മദ്യരാജാവ് വിജയ്മല്യ അവിടെ സുഖവാസത്തില്‍ അടിച്ച്‌പൊളിക്കുമ്പോഴാണ് മറ്റൊരു രാജ്യത്തെ അഴിക്കുള്ളില്‍ ദിവസങ്ങളെണ്ണി അറ്റ്‌ലസ് രാമചന്ദ്രന്‍ കഴിയുന്നത്.

ഇന്ത്യയുടെയും ബ്രിട്ടന്റെയും നിയമം മല്യക്ക് രക്ഷപ്പെടാന്‍ തുണയായപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന് ഗള്‍ഫ് രാജ്യത്തെ രാജനിയമം വിലങ്ങ് തടിയായി മാറുകയായിരുന്നു. മുങ്ങുമെന്ന് കണ്ടപ്പോള്‍ പലായനം ചെയ്യാന്‍ മല്യ കാണിച്ച മിടുക്ക് എന്തായാലും അറ്റ്‌ലസ് രാമചന്ദ്രന്‍ കാണിച്ചിട്ടില്ല.

വില്‍ക്കാന്‍ സ്വത്തുക്കള്‍ ഉണ്ടെങ്കിലും ജയിലില്‍ കിടക്കുന്നവന്റെ ദയനീയത മുതലെടുപ്പായി മാറുന്ന കച്ചവട തന്ത്രം അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണ്.

Top