‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ‘ ആ ശബ്ദവും നിലച്ചു

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായി ആസ്റ്റർ മൻഖൂൾ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

സിനിമാ നിർമാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയർമാനാണ്. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിശ്ചയദാർഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂർവ വ്യക്തിത്വത്തിനുടമാണെന്ന് നിസംശയം പറയാം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ പ്രിയപ്പെട്ടവരോടൊപ്പം തന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചത്. അതിർത്തികൾ കടന്ന് അറ്റ്‌ലസ് എന്ന ബിസിനസ് സംരംഭം വളർന്നപ്പോഴും തളർന്നപ്പോഴും ലോകമലയാളികൾ ആ മനുഷ്യനെ പുഞ്ചിരിയും സ്‌നേഹവും കലർന്ന മുഖത്തോടെയാണ് കണ്ടിട്ടുള്ളത്.

Top