എ.ടി.കെയുടെ മുന്‍കാല പരിശീലകന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു

എ.ടി.കെയുടെ മുന്‍കാല പരിശീലകന്‍ അന്റോണിയോ ഹെബാസ് ടീമിലേക്ക് തിരിച്ചെത്തുന്നു. ആദ്യ ഐഎസ്എല്‍ സീസണില്‍ കൊല്‍ക്കത്തയെ കിരീട നേട്ടത്തിലേക്ക് നയിച്ച പരിശീലകന്‍ കൂടിയാണ് അദ്ദേഹം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹെബാസ് വീണ്ടും തിരിച്ചെത്തുന്നത്.

സ്പാനിഷ് പരിശീലകനായ ഹെബാസിന്റെ കീഴിലാണ് ആദ്യ ഐ.എസ്.എല്‍ സീസണില്‍ അത്‌ലെറ്റിക്കോ ഡി കൊല്‍ക്കത്ത കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം ചൂടുന്നത്. തൊട്ടടുത്ത സീസണിലും കൊല്‍ക്കത്ത ക്ലബിനൊപ്പം തുടര്‍ന്ന ശേഷം ഹെബാസ് ക്ലബ് വിടുകയായിരുന്നു. പിന്നീട് മറ്റൊരു ഐ.എസ്.എല്‍ ക്ലബായ പൂനെ സിറ്റിയുടെ പരിശീലകനായെങ്കിലും ബോര്‍ഡ് അംഗങ്ങളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു.

ഹെബാസ് എടികെ വിട്ടതിന് ശേഷം ടെഡി ഷെറിങാം, ആഷ്‌ലി വെസ്റ്റ്വുഡ്, സ്റ്റീവ് കോപ്പല്‍ തുടങ്ങിയവരൊക്കെ പരിശീലകരായെത്തിയെങ്കിലും ടീമിന്റെ പ്രകടനം ഒന്നിനൊന്ന് മോശമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വരുന്ന സീസണില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെബാസിനെ വീണ്ടും എത്തിക്കുന്നത്.

Top