കളി എ.റ്റി.കെയുടെ കൈയ്യില്‍ ;ഹൈദരാബാദിനെ തകർത്തത് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക്

ന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് എടികെ. ഡേവിഡ് വില്ല്യംസ്, എഡു ഗാര്‍സിയ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. റോയ് കൃഷ്ണ അവശേഷിക്കുന്ന ഒരു ഗോള്‍ നേടി.

ആദ്യ ഗോള്‍ വീഴാന്‍ 25 മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ മനോഹരമായ ത്രൂ ബോള്‍ അനായാസം വലയിലേക്ക് തിരിച്ചു വിട്ട ഡേവിഡ് വില്ല്യംസ് ഗോള്‍ സ്‌കോറിംഗിനു തുടക്കമിട്ടു. രണ്ട് മിനിട്ടിനു ശേഷം വില്ല്യംസിന്റെ പാര്‍ട്ണര്‍ റോയ് കൃഷ്ണയുടെ ഊഴമായിരുന്നു.

44ആം മിനിട്ടില്‍ മൂന്നാം ഗോള്‍. ജയേഷ് റാണ നല്‍കിയ ത്രൂ ബോളില്‍ ഹൈദരാബാദ് എഫ്‌സി കളിക്കാര്‍ ഓഫ് സൈഡ് അപ്പീല്‍ വിളിക്കവേ ഗോളിയെ കബളിപ്പിച്ച് വലതു മൂലയിലേക്ക് പന്ത് പായിച്ച ഡേവിഡ് വില്ല്യംസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.

88ആം മിനിട്ടില്‍ എടികെയുടെ നാലാം ഗോള്‍. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ പ്രബീര്‍ ദാസ് നല്‍കിയ ക്രോസ് അനായാസം വലയിലേക്ക്ക് തിരിച്ചു വിട്ട ഗാര്‍സിയ മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. 94ആം മിനിട്ടില്‍ വീണ്ടും പ്രബീര്‍ ദാസ്. വീണ്ടും ഗാര്‍സിയ. നേരത്തെ സ്‌കോര്‍ ചെയ്ത ഗോളിന്റെ ആവര്‍ത്തനം. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് പരാജയപ്പെട്ടിരുന്ന എടികെ തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Top