ആതിഖിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകൾ

ലഖ്‌നൗ: വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ നിന്ന് എട്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സഹോദരന്‍ അഷറഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന് മുഖത്ത് നിന്നും നാല് വെടിയുണ്ടകള്‍ പുറംഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. അഞ്ച് വിദഗ്ദ ഡോക്ടര്‍മാരാണ് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം, കേസില്‍ പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ പ്രയാഗ് രാജ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. മുന്‍ ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠി, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ സുബേഷ് കുമാര്‍, മുന്‍ ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി എന്നിവര്‍ നേതൃത്വം നല്‍കുന്ന ജുഡീഷ്യല്‍ കമീഷനാണ് ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലക്കേസ് അന്വേഷിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

ഇതിനിടെ ആറ് വര്‍ഷത്തിനുള്ളില്‍ യുപിയില്‍ നടന്നത് 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്നും ഇതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് കോടതിയെ സമീപിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ജനാധിപത്യ സമൂഹത്തില്‍ പൊലീസ് അന്തിമ വിധി പുറപ്പെടുവിക്കരുത്. ശിക്ഷിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് മാത്രമാണെന്ന് വിശാല്‍ തിവാരി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നതെന്ന് പൊലീസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Top