ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന; ഇളവുകള്‍ ലഭിക്കുന്നത് ആര്‍ക്കൊക്കെ?

ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുദ്ദേശിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രത്യേക സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചിരുന്നു. സംഘടിത മേഖയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന പദ്ധതിക്ക് കീഴിലാണ് സബ്‌സിഡി ഇളവുകള്‍ ലഭിക്കുക. ഈ പദ്ധതി പ്രകാരം, 15000 രൂപയില്‍ താഴെ വേതനത്തില്‍ പുതിയ നിയമനം നടത്തുന്ന ഇപിഎഫ്ഒയില്‍ അംഗത്വമുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഇപിഎഫ് സബ്‌സിഡി ലഭിക്കും. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇപിഎഫ് സ്റ്റാറ്റിയൂട്ടറി സബ്‌സിഡി നല്‍കുന്നത്.

ജീവനക്കാരുടെ സംഭാവനയും (12%) തൊഴിലുടമയുടെ സംഭാവനയും (12%) അടക്കം വേതനത്തിന്റെ 24% സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് പദ്ധതി. ആയിരത്തിന് മുകളില്‍ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ വിഹിതം മാത്രമാകും സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കുക. ആയിരത്തിന് താഴെ ജീവനക്കാരുളള ഇടങ്ങളില്‍ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും വിഹിതം സര്‍ക്കാര്‍ വഹിക്കും.

കോവിഡ് കാരണം 2020 മാര്‍ച്ച് 31 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ജോലി നഷ്ടപ്പെട്ട ഇപിഎഫ് അംഗങ്ങള്‍ക്കും ഇപിഎഫ് അംഗത്വമില്ലാത്ത പുതിയ ജീവനക്കാര്‍ക്കും ഈ പദ്ധതി ഉള്‍പ്പെടുത്തുന്നു. ഈ വര്‍ഷത്തെ സെപ്റ്റംബറിലെ ജീവനക്കാരുടെ കണക്കെടുക്കുമ്പോള്‍, 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞത് രണ്ട് നിയമനങ്ങളും 50 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞത് 5 പുതിയ നിയമനങ്ങളും നടത്തിയാല്‍ മാത്രമേ ഈ വ്യവസ്ഥയില്‍ ചേരാന്‍ കഴിയുള്ളൂ.

24% ആണ് ഇപിഎഫ് വിഹിതം. 1000 ജീവനക്കാരില്‍ താഴെയുള്ള കമ്പനികള്‍ക്ക് തൊഴിലാളിയുടെയും(12%) തൊഴിലുടമയുടെയും(12%) വിഹിതം സബ്‌സിഡിയായി തൊഴിലാളിയുടെ ഇപിഎഫ്ഒ അക്കൗണ്ടിലേക്കും 1000 ജീവനക്കാരില്‍ കൂടുതലുളള കമ്പനികള്‍ക്ക് തൊഴിലാളി വിഹിതം (12%) മാത്രമായും കേന്ദ്രസര്‍ക്കാര്‍ നല്‍കും. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതാവണം. പുതുതായി ഇപിഎഫ്ഒയില്‍ റജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളിലെ എല്ലാ പുതിയ ജീവനക്കാര്‍ക്കും ആനുകൂല്യമുണ്ടാകും.

ഇപിഎഫ്ഒയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6,60,846 സ്ഥാപനങ്ങളാണ്. ഇതില്‍ 90 ശതമാനത്തോളം സ്ഥാപനങ്ങളും 1000 ത്തില്‍ താഴെ തൊഴിലാളികളുള്ളവയാണ്. ഇപിഎഫ്ഒയുടെ കണക്കു പ്രകാരം പതിനായിരത്തോളം സ്ഥാപനങ്ങള്‍ കോവിഡിനു മുന്‍പ് തന്നെ വിഹിതം അടയ്ക്കുന്നവയില്‍ വീഴ്ച വരുത്തിയവയാണ്. കേരളത്തില്‍ മാത്രം ഏകദേശം 3000 സ്ഥാപനങ്ങള്‍ വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്.

Top