ഇംഗ്ലീഷ് അറിയില്ല ; ഹിമ ദാസിന് അത്‌ലറ്റിക് ഫെഡറേഷന്റെ ആക്ഷേപം

ന്യൂഡല്‍ഹി: ഇംഗ്ലീഷില്‍ പ്രാവിണ്യമില്ലാ എന്ന് പറഞ്ഞ് ചരിത്രനേട്ടം കുറിച്ച ഹിമ ദാസിന് അത്‌ലറ്റിക് ഫെഡറേഷന്റെ ആക്ഷേപം. ചരിത്രത്തിലാദ്യമായി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഈ 18 കാരിയിലൂടെ ഇന്ത്യക്ക് പിറന്നത് ഒരു പുതിയ ചരിത്രമാണ്.

ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് ഹിമയെ തേടിയെത്തിയത്. ഫിന്‍ലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഹിമയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ ഫര്‍ഹാന്‍ അക്തര്‍ എന്നിവരുള്‍പ്പടെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്.

എന്നാല്‍ അതിനിടയിലാണ് ഹിമയുടെ നേട്ടത്തെ വിസ്‌മരിച്ച് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രംഗത്തെിയത്. ഹിമയ്ക്ക് ഇംഗ്ലീഷില്‍ പ്രാവിണ്യം ഇല്ല എന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ ആക്ഷേപം.

ഹിമയുടെ നേട്ടം കാണാതെ ഫെഡറേഷന്റെ അപക്വമായ നടപടിയില്‍ പ്രതിഷധം ശക്തമായതോടെ ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചു.

അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. അന്ന് അണ്ടര്‍20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു.

Top