24 പേർക്ക് ഉടൻ നിയമനം; സമരം പിന്‍വലിച്ച്‌ കായിക താരങ്ങൾ

തിരുവനന്തപുരം : അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങള്‍ നടത്തിവന്ന സമരം അവസാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനുമായി താരങ്ങള്‍ ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. കായിക താരങ്ങള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. സര്‍ക്കാരിനു പിടിവാശിയില്ല. 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ബാക്കി നിയമനങ്ങള്‍ സംബന്ധിച്ച്‌ പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് ഉറപ്പു ലഭിച്ചതോടെ 17 ദിവസം നീണ്ടുനിന്ന സമരമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്. അവകാശപ്പെട്ട ജോലി ലഭിക്കണം എന്നാവശ്യപ്പെട്ട് എഴുപത്തിയൊന്ന് കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിനു മുമ്ബില്‍ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നില്ലെന്ന് ആരോപിച്ച്‌ താരങ്ങള്‍ ദിനംപ്രതി സമരം കടുപ്പിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച നടന്നത്.

Top