അതിരപ്പള്ളിയുമായി മുന്നോട്ട് തന്നെ ; പ്രാരംഭ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്.

മാത്രമല്ല, പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു.

വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്കു രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

Top