athirappally- pinarayi- cpi

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നത. പദ്ധതി നടപ്പിലാക്കണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തെ പരസ്യമായി തള്ളിക്കളഞ്ഞ് സിപിഐ നേതാക്കള്‍ രംഗത്തെത്തി.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി സംസ്ഥാനത്ത് പൂര്‍ത്തീകരിക്കേണ്ട ഒന്നാണെന്നും യാതൊരു കോട്ടവും തട്ടാത്ത പദ്ധതിയാണ് നേരത്തേതന്നെ വിഭാവനം ചെയ്തതെന്നുമായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. എന്നാല്‍ പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നതാണ് വിഷയത്തിലുള്ള സിപിഐയുടെ പ്രതികരണം.

ചെറുകിട ജലവൈദ്യുത പദ്ധതികളെയും പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളെയും പ്രോത്സാഹിപ്പിച്ചും നിലവിലെ പദ്ധതികളില്‍ ഉത്പാദനം കൂട്ടിയുമുള്ള സാധ്യതകള്‍ ഉ്ള്ളപ്പോള്‍ അതിരപ്പള്ളി എന്തിന് മുറുകെപ്പിടിക്കുന്നുവെന്നായിരുന്നു സിപിഐയുടെ ചോദ്യം.

അതിരപ്പള്ളി വിഷയത്തോടുള്ള പിണറായി വിജയന്റെ സമീപനം തിരുത്തണമെന്നുള്ള നിലപാടുമായി പരിസ്ഥിതി വിദഗ്ദ്ധരും രംഗത്തെത്തി. ഒരേ വിഷയത്തില്‍ തന്നെ ഉണ്ടായ വ്യത്യസ്ത നിലപാട് എല്‍ഡിഎഫിനുള്ളില്‍ ഇതിനോടകം കല്ലുകടിക്ക് ഇടവരുത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി വിഷയത്തില്‍ വ്യക്തമായ ഒരു നയസമീപനം ഉണ്ടാകേണ്ടത് അത്യാവശ്യമെന്നാണ് ഇരു പാര്‍ട്ടികളുടെയും വിലയിരുത്തല്‍.

Top