അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി

തൃശൂര്‍: അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി. ചാലക്കുടി- അതിരപ്പിള്ളി പാതയ്ക്കരികിലാണ് കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നത്. റോഡിന് 50 മീറ്റര്‍ അരികെ മാത്രമാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനകളെ തിരിച്ചുകയറ്റാനുള്ള ശ്രമം തുടരുകയാണ്.

വന്യജീവികള്‍ ജനവാസ മേഖലയിലെത്തി അക്രമം നടത്തുന്നതില്‍ വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എല്‍ഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന് അബ്രഹാമിന്റെ മകന്‍ പറഞ്ഞു. വേനല്‍ കടുക്കുന്നതിനാലാണ് വന്യജീവികള്‍ ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതല്‍ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താലാണ്. അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Top