നിതിന് പെണ്‍കുഞ്ഞ് പിറന്നു; ഭര്‍ത്താവിന്റെ വിയോഗം അറിയാതെ ആതിര

കോഴിക്കോട്: ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. സിസേറിയനെ തുടര്‍ന്നാണ് കുഞ്ഞുപിറന്നത്. അതേസമയം, കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല.

രക്തദാനമാണ് മഹാദാനമെന്ന് വിശ്വസിച്ച് അതിനായി ഓടി നടന്ന നിതിന് സ്വന്തം രക്തത്തില്‍ പിറന്ന മകളെ കാണാനായില്ല. ഹൃദായാഘാതത്തെ തുടര്‍ന്ന് ദുബായിയില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍ കോവിഡ് കാലത്ത് പ്രവാസിലോകത്തിന് തീരാവേദനയായി.

പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ സുപ്രീം കോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടില്‍ എത്തിയിരുന്നു. അതേസമയം, നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.

കൊറോണ കാലത്ത് ദുരിതത്തിലായവര്‍ക്കും കുടുംബവുമായി താമസിക്കുന്നവര്‍ക്കും ഭക്ഷണ കിറ്റുമായും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടന്ന നിതിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയിലാണ് പ്രവാസി സമൂഹം. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്. ഒരുവര്‍ഷംമുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Top