ഗര്‍ഭിണികളുടെ വിമാനയാത്രക്കായി ഹർജി നൽകിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ (28) ദുബായില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

ദുബായില്‍ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്ന നിതിന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തനായിരുന്നു. കോവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് നിതിന്റെ
അപ്രതീക്ഷത മരണ വാര്‍ത്ത എത്തുന്നത്.

ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില്‍ പറക്കാനായത് വലിയ വാര്‍ത്തയായിരുന്നു. ജൂലായ് ആദ്യവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.

Top