ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ ചെന്നൈയില്‍ പുറത്തിറങ്ങി

ചെന്നൈ: ആതര്‍ എനര്‍ജിയുടെ ഇലക്ട്രോണിക് സ്‌കൂട്ടര്‍ മോഡലുകളായ ആതര്‍ 340, ആതര്‍ 450 എന്നിവ ചെന്നൈയില്‍ പുറത്തിറങ്ങി. ആതര്‍ എത്തുന്ന രണ്ടാമത്തെ വിപണിയാണ് ചെന്നൈ. ആദ്യം ആതര്‍ മോഡലുകള്‍ എത്തിയത് ബെംഗലൂരുവിലായിരുന്നു. ആതര്‍ 340ക്ക് 1.19 ലക്ഷം രൂപയാണ് ചെന്നൈയിലെ ഓര്‍ഡര്‍ വില. ആതര്‍ 450ക്ക് 1.31 ലക്ഷം രൂപയുമാണ്.

ബേസ് മോഡലായ 340-യില്‍ 1.92 Kwh ബാറ്ററിയും, ഉയര്‍ന്ന മോഡല്‍ 450-യില്‍ 2.4 Kwh ലിഥിയം അയണ്‍ ബാറ്ററിയുമാണ് ഉള്ളത്. ഒറ്റചാര്‍ജില്‍ ആതര്‍ 450യില്‍ 75 കിലോമീറ്റര്‍ വരെയും ആതര്‍ 340യില്‍ 60 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ സാധിക്കും. 340 പരമാവധി 6 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും. 450യില്‍ പരമാവധി 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കും ലഭിക്കും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 340 മോഡലിന് 5.1 സെക്കന്‍ഡ് വേണം. ആതര്‍ 450ക്ക് 3.9 സെക്കന്‍ഡും.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 40 മുതല്‍ 50 ചാര്‍ജിങ് സ്റ്റേഷനുകള്‍ ചെന്നൈയില്‍ സ്ഥാപിക്കും. നിലവില്‍ പത്തോളം ആതര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിങ് പോയന്റുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ചെന്നൈക്ക് പിന്നാലെ മുംബൈ, ഡല്‍ഹി, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ആതര്‍ വിപണി ശൃംഖല വ്യാപിപ്പിക്കും.

Top