ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു

പുതിയ വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ഏഥര്‍ എനര്‍ജി ആരംഭിച്ചു. ജൂണില്‍ വിപണിയിലെത്തിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ബെംഗളൂരു ആസ്ഥാനമായ കമ്പനി മോഡലുകള്‍ കൈമാറിത്തുടങ്ങി. 1.09 ലക്ഷം രൂപയാണ് വിപണിയില്‍ ഏഥര്‍ 340 സ്‌കൂട്ടറിന് വില; ഏഥര്‍ 450 സ്‌കൂട്ടറിന് വില 1.24 ലക്ഷം രൂപയും.

ഒരേ അച്ചില്‍ നിന്നും വാര്‍ത്തെടുത്ത രൂപകല്‍പനയാണ് പുതിയ ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്. ഏഥര്‍ 450 യുടെ ടയറുകള്‍ക്ക് ലഭിച്ച പച്ച വലയം ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മോഡലുകളും കാഴ്ചയില്‍ ഒരുപോലെ. എന്നാല്‍ പ്രകടനക്ഷമത ഇരുമോഡലുകളിലും വ്യത്യസ്തമാണ്.

പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 340 യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 70 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമെത്താന്‍ 340 യ്ക്ക് സാധിക്കും. അതേസമയം നിശ്ചലാവസ്ഥയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450യ്ക്ക് പിന്നിടാന്‍ കഴിയും. 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ പിന്നിടുക 75 കിലോമീറ്റര്‍. 340, 450 മോഡലുകളില്‍ ഒരുങ്ങുന്ന വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque ഉത്പാദിപ്പിക്കും.

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.

Top