ഉദ്ധവിന്റെ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി ശിവാജി മഹാരാജിന്റെ കോട്ട;പാര്‍ക്കില്‍ പുതുചരിത്രം

ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തിയ മറാത്ത രാജാവ് ശിവാജിയുടെ തലസ്ഥാനമായിരുന്ന റായിഗാഡ് കോട്ട പോലൊരു വേദി. മറാത്ത വാദം ഉന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടിയെ പടുത്തുയര്‍ത്തിയ ശിവസേനയ്ക്ക് ആദ്യമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുമ്പോള്‍ ഈ കോട്ടയേക്കാള്‍ ചേര്‍ച്ചയുള്ള ഒരു പിന്നണി ഒരുക്കുക ബുദ്ധിമുട്ടാണ്. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് ഉദ്ധവിന്റെയും ത്രികക്ഷി സര്‍ക്കാരിലെ മറ്റ് അംഗങ്ങളുടെയും സത്യപ്രതിജ്ഞയ്ക്കായി പടുകൂറ്റന്‍ വേദി ഒരുക്കിയിരിക്കുന്നത്.

ശിവാജി പാര്‍ക്ക് ശിവസേനയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള വേദിയാണ്. സേന സ്ഥാപകന്‍ ബാല്‍താക്കറെ 1966ല്‍ പാര്‍ട്ടിയുടെ ആദ്യത്തെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇവിടെ വെച്ചാണ്. ശിവാജി പാര്‍ക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഒരു കോട്ടയാക്കി മാറ്റിയിട്ടുണ്ട്. പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ദേശായിയാണ് 9000 സ്‌ക്വയര്‍ ഫീറ്റും, 30 അടി ഉയരവുമുള്ള വേദിയൊരുക്കിയത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് വേദിയില്‍ ഉദ്ധവ് താക്കറെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. സേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളിലെ രണ്ട് വീതം പേരെങ്കിലും സത്യപ്രതിജ്ഞ എടുക്കുമെന്നാണ് കരുതുന്നത്. ഏറ്റവും ഒടുവില്‍ ഒരു സേനാ നേതാവ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് 1999ല്‍ നാരായണ്‍ റാണെയാണ്. ശരത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിയും, കോണ്‍ഗ്രസില്‍ നിന്ന് സ്പീക്കറും വരും.

ബാല്‍താക്കറെയുടെ സ്വപ്നം സഫലമായെന്ന ബാനറുകളും പോസ്റ്റുകളുമാണ് ശിവാജി പാര്‍ക്കിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നത്. ശിവാജി പാര്‍ക്കില്‍ ബാല്‍താക്കറെയുടെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ഇത് സഫലമായിട്ടില്ല. ശിവസേന മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ ഈ പദ്ധതി അധികം വൈകാതെ നടപ്പാകുമെന്നാണ് കരുതുന്നത്.

Top