ആക്രമം തുടര്‍ന്നാല്‍ ഇസ്ലാമിലേക്ക് മാറും; ഭീഷണിയുമായി രാജസ്ഥാനിലെ ദളിതര്‍

BANDH

ജയ്പൂര്‍: ആക്രമം തുടര്‍ന്നാല്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ ദളിതര്‍. തങ്ങളെ ഉപദ്രവിക്കാനെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജനക്കൂട്ടത്തിനോടാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിന് എതിരെയാണ് ആക്രമണം നടന്നത്. തുടര്‍ന്ന് പ്രദേശത്തെ അംബേദ്കര്‍ പ്രതിമയ്ക്കു ചുറ്റും ഒത്തുകൂടി ഇനിയിത് ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്യുകയായിരുന്നു.

‘അടിക്കുന്നതിനു മുമ്പ് അവര്‍ തങ്ങള്‍ ദളിതരാണെന്ന് ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചിരുന്നുവെന്നും സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ലെന്നും അശ്വിനി ജാതവ് പറഞ്ഞു. അക്രമികളില്‍ മിക്കയാളുകളും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരും ഹിന്ദു മതമൗലികവാദ സംഘടനകളില്‍ ഉള്ളവരാണെന്നും അശ്വനി പറഞ്ഞു.

എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദളിതര്‍ ഭാരത ബന്ദ് നടത്തിയതിന് പിന്നാലെയാണ് ദളിതര്‍ക്ക് നേരെ ഉയര്‍ന്ന ജാതിക്കാരുടെ പ്രതിഷേധം. ആക്രമികള്‍ ദളിത് രാഷ്ട്രീയക്കാരായ കോണ്‍ഗ്രസിന്റെ ഭരോസി ലാല്‍ ജാദവിന്റെയും ബി.ജെ.പി എം.എല്‍.എയായ രാജ്കുമാരി ജാദവിന്റെയും വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.

സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന തങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് പുഷ്പേന്ദ്ര ജാദവ് പറഞ്ഞു. ‘ഉയര്‍ന്ന ജാതിക്കാര്‍ ഞങ്ങളെ പ്രത്യേകം വേട്ടയാടുകയാണെന്നും ഇത് തുടരുകയാണെങ്കില്‍ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മറ്റുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ അക്രമത്തിന് ശേഷം സ്ഥലത്ത് പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമായതായി കരൗളി ജില്ലാകളക്ടര്‍ അഭിമന്യുകുമാര്‍ ചൂണ്ടിക്കാട്ടി

Top