മണിപ്പൂരില്‍ ഇനിയെങ്കിലും ബിജെപി സര്‍ക്കാരുകള്‍ ഉത്തരവാദിമേറ്റെടുക്കണം; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉദയനിധിയുടെ വിമര്‍ശനം. സ്വയം പ്രഖ്യാപിത വിശ്വഗുരു കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടന്നും ഇനിയെങ്കിലും ബിജെപി സര്‍ക്കാരുകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം മണിപ്പൂര്‍ സര്‍ക്കാരാകട്ടെ സംഘര്‍ഷം നേരിടാന്‍ കൂടുതല്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാന്‍ ഓരോ സേനയെ വിന്യസിക്കുന്നതാണ് പുതിയ നടപടി. സേനകളുടെ ഏകോപനം കൃത്യമാകാനാണ് ഇത്തരമൊരു നടപടി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്.

നേരത്തെ മണിപ്പൂരിനെ പ്രശ്‌നബാധിതയിടമായി മണിപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്‌തെയ് – കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ അയവ് വരാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്.

Top