പെറുവില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ കൊല്ലപ്പെട്ടു, 6 പേരുടെ നില ഗുരുതരം

ലിമ: പെറുവില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു.പെറു നഗരത്തില്‍ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ‘ ചെകുത്താന്‍ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഏകദേശം 57 പേര്‍ അപകട സമയത്ത് ബസിനുള്ളിലുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തില്‍ നിന്ന് ഏറെ വിട്ടുമാറിയുള്ള സ്ഥലത്താണ് അപകടം നടന്നത് എന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.

ഇവിടേക്ക് എത്തിച്ചേരാന്‍ ഈ ഒരു റോഡ് മാത്രമേ ഉള്ളുവെന്നാണ് വിവരം. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് അപകടം നടന്നത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പെറു പോലീസോ മറ്റ് അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല.

Top