അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു

afgan

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖോസ്തി പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നു പൊലീസ് അറിയിച്ചു.

ഉച്ചയ്ക്കു ശേഷം പ്രാര്‍ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരിലേറെയും. ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി വോട്ടര്‍ റജിസ്‌ട്രേഷനു വേണ്ടിയും ഈ ആരാധനാലയം ഉപയോഗിച്ചു വരികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏപ്രില്‍ 22ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഈ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് സ്‌ഫോടന പരമ്പരകള്‍ തുടരുകയാണ്.

രാജ്യാന്തര തലത്തിലെ സമ്മര്‍ദം ഏറിവന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു സംഘടിപ്പിക്കാന്‍ അഫ്ഗാന്‍ ഒരുങ്ങുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ റജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും കനത്ത ഭീഷണിയാണ് ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടിവരുന്നത്.

Top