കൊറോണയില്‍ വ്യാജ പ്രചരണം; ഫണ്ട് ഇറക്കുന്നത് ചൈന; ആരോപണവുമായി യുഎസ്

കൊറോണാവൈറസ് സംബന്ധിച്ച് ചൈന നടത്തുന്ന വഴിതെറ്റിക്കല്‍ പ്രചാരണങ്ങള്‍ക്ക് എതിരെ ജി7 രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഗോള മഹാമാരിക്കെതിരെ പോരാടാന്‍ സഹകരണമാണ് ആവശ്യമെന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ ചൂണ്ടിക്കാണിച്ചു.

പിറ്റ്‌സ്ബര്‍ഗില്‍ ചേരാനിരുന്ന യോഗം റദ്ദാക്കിയതോടെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സുപ്രധാന വ്യാവസായിക ജനാധിപത്യ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സംയുക്ത പ്രസ്താവന ഇല്ലാതെ വന്നതോടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സാധ്യമല്ലെന്ന് ഉറപ്പായി. കൊറോണയെ ‘വുഹാന്‍ വൈറസെന്ന്’ വിശേഷിപ്പിക്കുന്ന മൈക് പോംപിയോ ഈ വിഷയത്തില്‍ ജി7 രാജ്യങ്ങള്‍ സമാന നിലപാട് പങ്കുവെച്ചെന്നാണ് വ്യക്തമാക്കിയത്.

‘യോഗത്തില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങള്‍ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന തെറ്റായ പ്രചരണങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നതില്‍ നിന്നും വഴിതിരിക്കാനാണ് ശ്രമം. സോഷ്യല്‍ മീഡിയ വഴിയും പ്രചരണം നടക്കുന്നുണ്ട്. ഇതില്‍ യുഎസിനെ വലിച്ചിഴക്കുന്ന തിയറികളും പ്രചരിപ്പിക്കുന്നു. ഇതെല്ലാം ശുദ്ധ ഭ്രാന്താണെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് സേനയാണ് വുഹാനില്‍ വൈറസിനെ ഇറക്കിയതെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യ വക്താവാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. അതേസമയം കൊറോണയെ വുഹാന്‍ വൈറസെന്ന് വിശേഷിപ്പിച്ച പോംപിയോയുടെ നടപടിയില്‍ ചൈനീസ് വിദേശ മന്ത്രാലയം പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ വൈറസിന്റെ പ്രാഥമിക വിവരങ്ങള്‍ മറച്ചുവെച്ച് ചൈന ലോകത്തെ അപകടത്തിലേക്ക് തള്ളിവിട്ടെന്നാണ് പോംപിയോ കുറ്റപ്പെടുത്തുന്നത്.

Top