ട്രംപിന്റെ സന്ദര്‍ശനത്തിന് ചേരികള്‍ മതില്‍ കെട്ടി മറക്കുന്നു; പ്രതിഷേധവുമായി മലയാളി

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക. തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാലയാണ് മതിലുകെട്ടി ചേരി നിവാസികളെ മറയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി അഹമ്മദാബാദിലെത്തിയത്. മതില്‍ നിര്‍മ്മാണം നടക്കുന്ന അഹമ്മദാബാദ് സര്‍ദാര്‍ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡില്‍ അശ്വതി നിരാഹാര സമരം ആരംഭിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അശ്വതിജ്വാല സമരം ആരംഭിച്ച കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരികളിലെ കുറച്ച് മനുഷ്യരെ മതില്‍ കെട്ടി മറയ്ക്കുന്നു എന്ന വാര്‍ത്ത ഒരു നടുക്കത്തോടെയാണ് കേട്ടത്. അടുത്ത വണ്ടിയ്ക്ക് ഇവിടെയെത്തി. കാണുന്നതും കേള്‍ക്കുന്നതുമായ അനുഭവങ്ങള്‍ കരളലിയിക്കുന്നതാണ്. ഇവ മനസ്സില്‍ ഏല്‍പ്പിക്കുന്ന പൊള്ളല്‍ ഈ വിഷയത്തില്‍ സമരമുഖത്തേയ്ക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്‍ന്റെ ഭാഗമായി മതില്‍ നിര്‍മ്മാണം നടക്കുന്ന അഹമ്മദാബാദ് സര്‍ദാര്‍ നഗറിലെ ഇന്ദിരാ ബ്രിഡ്ജിലേക്കുള്ള റോഡില്‍ ഇന്നു മുതല്‍ പ്രതിഷേധ സൂചകമായി നിരാഹാര സമരം ആരംഭിക്കുകയാണ്.

ഒരു സര്‍ക്കാരിനും അതിഥികള്‍ക്കും എതിരായല്ല ഈ സമരം. ഇതു പോലെ അതിഥികള്‍ക്കു മുമ്പില്‍ മറച്ചു പിടിക്കേണ്ട അംഗങ്ങള്‍ നമ്മുടെ കുടുംബത്തില്‍ ഉണ്ടാകരുത്. പുഴുക്കളെപ്പോലെയാണ് ഈ മനുഷ്യര്‍ ഇപ്പോള്‍ ഇവിടെ ജീവിക്കുന്നത്. ഇവരെ ആര്‍ക്കു മുന്നിലും അഭിമാനത്തോടെ നില്‍ക്കാവുന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. ആ ഭരണകൂടങ്ങള്‍ അതില്‍ പുറകോട്ടു പോയാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ട്…

‘ഇത് കൊണ്ട് ഞങ്ങള്‍ക്ക് താമസിക്കാന്‍ നല്ലൊരു വീട് കിട്ടുമോ ചേച്ചീ…??’ നിങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ തയ്യാര്‍ എന്ന് വാഗ്ദാനം ചെയ്തപ്പോള്‍ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്. ‘ശ്രമിച്ചു നോക്കാം’ എന്നൊരു മറുപടി കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന തീരുമാനം മനസ്സില്‍ എടുത്തിട്ടുമുണ്ട്.

Top