ടി-20 മൂന്നാം മത്സരം; ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം

സിഡ്നി: ഇന്ത്യ- ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 53 പന്തില്‍ നിന്നും 80 റൺസെടുത്ത മാത്യു വെയ്ഡ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. തുടർച്ചയായ രണ്ടാം തവണയാണ് വെയ്ഡ് അർദ്ധ സെഞ്ച്വറി നേടുന്നത്. 36 പന്തുകളില്‍ നിന്നും ഗ്ലെൻ മാക്സ്‌വലും (54) അർദ്ധ സെഞ്ച്വറി നേടി.

ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്‌ടൺ സുന്ദർ രണ്ടു വിക്കറ്റും നടരാജ്, ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ (0) വാഷിംഗ്‌ടൺ സുന്ദർ മടക്കി. സ്‌കോര്‍ 79-ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തിനെ (24) സുന്ദര്‍ പുറത്താക്കുമ്പോൾ രണ്ടാം വിക്കറ്റിൽ വെയ്ഡുമായി ചേർന്ന് സ്മിത്ത് 65 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മാക്സ്‌വൽ-വെയ്ഡ് സഖ്യം 11.5 ഓവറില്‍ സ്‌കോര്‍ 100 കടത്തി. നടരാജൻ്റെ പന്തിൽ എൽബിഡബ്ല്യു റിവ്യൂ എടുക്കാൻ വൈകിയതും നോ ബോളിൽ ചഹാൽ മാക്സ്‌വലിൻ്റെ വിക്കറ്റെടുത്തതും ഇന്ത്യക്ക് തിരിച്ചടിയായി. വെയ്ഡിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയത് ഷർദ്ദുൽ ഠാക്കൂറാണ്. അവസാന ഓവറിലെ ആദ്യ പന്തിൽ മാക്സ്‌വെലിനെ നടരാജനും വീഴ്ത്തി. ഡാർസി ഷോർട്ട് (7) റണ്ണൗട്ടായി. കളി അവസാനിക്കുമ്പോൾ മോയിസസ് ഹെൻറിക്കസ് (5), ഡാനിയൽ സാംസ് (4) എന്നിവർ പുറത്താവാതെ നിന്നു.

Top