ഫ്രെയിം ഒഴിവാക്കി അസ്യൂസ് സെന്‍ബുക് 14; ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിച്ചു

നാല് വശങ്ങളിലെയും ഫ്രെയിം ഒഴിവാക്കി അസ്യൂസ് സെന്‍ബുക് 14 പുറത്തിറക്കി. തികച്ചും കനം കുറഞ്ഞതും നാലു വശങ്ങളിലും ഫ്രയിമുകള്‍ ഒഴിവാക്കിയതുമായ നാനോ എഡ്ജ് ഡിസ്‌പ്ലേയില്‍ തയ്യാറാക്കിയ അസ്യൂസ് സെന്‍ബുക് ഡിസൈനിങ്, ടൈപ്പിങ്, കൂളിങ്, ഓഡിയോ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

നിലവിലെ ലാപ്‌ടോപുകളെക്കാള്‍ മികച്ച പ്രകടനമാവും സെന്‍ബുക്കിന്റേതെന്നും മികച്ച മെറ്റല്‍ ബോഡിയാണ് മറ്റൊരു പ്രത്യേകതയെന്നും കമ്പനി പറയുന്നു.

ദുബായില്‍ വച്ച് സെന്‍ബുക്ക് 14 ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഏതാണ്ട് അറുപത്തിയഞ്ച് കിലോ ഭാരമുള്ള യുവാവ് തറയില്‍ വെച്ച ലാപ്‌ടോപ്പിനു മുകളിലേക്ക് എടുത്ത് ചാടിയത് ചുറ്റും കൂടിയ കാണികളില്‍ അമ്പരപ്പ് സ്യഷ്ടിച്ചിരുന്നു. തറയില്‍ വെച്ച ലാപ്‌ടോപ് തുടര്‍ന്നും ക്യത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള അവസരവും കമ്പനി അധികൃതര്‍ കാണികള്‍ക്കു നല്‍കി.

രണ്ടു വര്‍ഷ ഇന്റര്‍നാഷനല്‍ വാറണ്ടിയും ചൂട്, ഈര്‍പ്പം തുടങ്ങി കടുത്ത പരിതസ്ഥിതികളെപ്പോലും അതിജീവിക്കുന്ന മിലിറ്ററി ഗ്രേഡ് സ്റ്റാന്‍ഡേര്‍ഡുമാണ് ഇവയുടേത്. അയ്യായിരത്തി നാനൂറ്റി തൊന്നൂറ്റി ഒന്‍പത് ദിര്‍ഹം മുതലാണ് സെന്‍ബുക്ക് 14ന്റെ യു.എ.ഇയിലെ വിപണി വില.

Top