അസുരന്‍ തെലുങ്ക് റീമേക്ക്; ‘നരപ്പ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചതില്‍ നിര്‍ണായകചിത്രമായിരുന്നു ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസുരന്‍. 2020 ഒക്ടോബറിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

പ്രമേയത്തിലും അവതരണത്തിലും നിരൂപകപ്രശംസ നേടിയ തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കടേഷാണ് നായകനാകുന്നത്. നരപ്പ എന്ന തെലുങ്ക് പതിപ്പില്‍ ശിവസ്വാമിയുടെ വേഷത്തിനായുള്ള താരത്തിന്റെ മേക്കോവറും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സിനിമ ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ, നരപ്പ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വെങ്കടേഷ്. ചിത്രം ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ജൂലൈ 20ന് തെലുങ്ക് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുമെന്നാണ് താരം ട്വീറ്റിലൂടെ അറിയിച്ചത്. നേരത്തെ തിയേറ്റര്‍ റിലീസിന് ശേഷം അസുരനും ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.മലയാളിയായ പ്രിയാമണിയാണ് നരപ്പയില്‍ നായിക കഥാപാത്രം ചെയ്യുന്നത്. ഇപോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ നരപ്പയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തമിഴില്‍ മഞ്ജു വാര്യര്‍ ഗംഭീരമാക്കിയ വേഷമാണിത്. ശ്രീകാന്ത് അഡലയാണ് ചിത്രത്തിന്റെ സംവിധായകന്‍. മണി ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബുവും കലൈപ്പുലി എസ്. തനുവും ചേര്‍ന്ന് സിനിമ നിര്‍മിച്ചിരിക്കുന്നു.

 

Top