അസുരനും രക്ഷയില്ല; റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ത്തി തമിഴ് റോക്കേഴ്‌സ്‌

ലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘അസുരന്‍’. ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നതായുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുരന്‍’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. തമിഴ് റോക്കേഴ്‌സ്‌ ആണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ തെലുങ്ക് ചിത്രം ‘സൈ റാ നരസിംഹ റെഡ്ഡിയും, തമിഴ്‌റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.

റിലീസ് ചെയ്തു ആദ്യ ആഴ്ച്ച കടക്കുമ്പോള്‍ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ‘അസുരന്‍’ നേടുന്നത്. ദളിത് കുടുംബത്തില്‍പ്പെട്ട കൗമാരക്കാരനായ കുട്ടി സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സമുദായ സംഘര്‍ഷവുമാണ് ചിത്രം പറയുന്നത്.

ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി.വി. പ്രകാശ് ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കലൈപുലി എസ്. താനുവാണ്.

തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചത്.

Top