നാസയുടെ ആര്‍ട്ടിമിസ് 1 ദൗത്യത്തില്‍ സ്നൂപി എന്ന നായയും പറക്കും

ഭൂമിയിലുള്ളവരെയും ബഹിരാകാശ യാത്രികരെയും ബഹിരാകാശത്തെത്തി എന്ന് അറിയിക്കുന്നത് ഭാരം കുറവുള്ള പാവകളാണ്. എന്നാല്‍ നാസയുടെ ആര്‍ട്ടിമിസ് 1 ദൗത്യത്തില്‍ സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍ സ്നൂപി എന്ന നായയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായുള്ള മനുഷ്യരില്ലാത്ത യാത്രയാണിത്. ഇതില്‍ ബഹിരാകാശത്ത് എത്തുന്ന വിവരം അറിയിക്കുന്നത് സ്നൂപിയായിരിക്കും. അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ ചാള്‍സ് എം ഷുല്‍സ് ആണ് ആദ്യമായി സ്നൂപിയെ വരക്കുന്നത്. പിന്നീട് ലോകമെമ്പാടും സ്നൂപി നേടിയ ജനപ്രീതി വളരെ വലുതായിരുന്നു.

ഇതാദ്യമായല്ല സ്നൂപി ബഹിരാകാശ യാത്രകളുടെ ഭാഗമാകുന്നത്. ഇതിനുമുമ്പും അമേരിക്കന്‍ ബഹിരാകാശ പദ്ധതികളില്‍ സ്നൂപ്പിയെ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോളോ 10 ദൗത്യത്തിന്റെ ഭാഗമായുള്ള ലൂണാര്‍ മൊഡ്യൂളിന് നല്‍കിയ പേര് സ്നൂപ്പി എന്നായിരുന്നു. ബഹിരാകാശ ദൗത്യങ്ങള്‍ വലിയ വിജയമായി കാണുന്ന അപ്പോളോ കാലഘട്ടത്തില്‍ നാസ സ്നൂപിയുടെ പേരില്‍ ഒരു അവാര്‍ഡും ഏര്‍പ്പെടുത്തിയിരുന്നു. ഏറ്റവും നന്നായി മികവ് തെളിയിക്കുന്ന നാസയിലെ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയതാണ് സില്‍വര്‍ സ്നൂപി അവാര്‍ഡ്. നാസ വലിയ പ്രാധാന്യം കല്‍പിച്ചിരുന്ന ഈ അവാര്‍ഡ് ഓരോ വര്‍ഷവും ആകെയുള്ളവരില്‍ ഒരു ശതമാനത്തിന് നല്‍കിയിരുന്നതാണ് സില്‍വര്‍ സ്നൂപി അവാര്‍ഡ്. സ്നൂപിയുടെ ഒരു പാവയ്‌ക്കൊപ്പം ബഹിരാകാശത്ത് പോയി വന്ന വെള്ളി പിന്‍ കൂടി ചേര്‍ന്നതായിരുന്നു പുരസ്‌കാരം.

അമേരിക്കയില്‍ പാഠഭാഗങ്ങളിലും പലയിടങ്ങളിലായി സ്നൂപ്പിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതായത് അമേരിക്കയുടെ ബഹിരാകാശ നേട്ടങ്ങളില്‍ സനൂപിക്കുള്ള പങ്ക് ചെറുതല്ല എന്ന് സാരം. ഇനി സ്നൂപി പറക്കാന്‍ ഒരുങ്ങുകയാണ്. ഓറിയോണ്‍ ക്യാപ്സ്യൂള്‍ വഴി സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലായിരിക്കും ആര്‍ട്ടിമിസ് ദൗത്യം നടത്തുക. ഈ ഓറിയോണ്‍ കാപ്‌സ്യുള്‍ വഴിയാണ് ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലേക്ക് പറഞ്ഞയക്കുന്നതും. പ്രത്യേകം സെന്‍സറുകളോ ക്യാമറയോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ സ്നൂപിയിലുണ്ടാവില്ല. സീറോ ഗ്രാവിറ്റിയിലെത്തിയെന്ന് ലോകത്തെ അറിയിക്കാന്‍ സ്നൂപിക്ക് ഇതൊന്നിന്റേയും ആവശ്യമില്ലെന്നതാണ് വസ്തുത.

 

Top