‘പുതിയ താരങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ അസോസിയേഷന് കെല്‍പ്പുണ്ടാകണം’; സംവിധായകന്‍ വിനയന്‍

പുതിയ താരങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് കെല്‍പ്പുണ്ടാകണമെന്ന സംവിധായകന്‍ വിനയന്‍. നിര്‍മാതാക്കള്‍ വിളിച്ചാല്‍ അവഹേളിക്കുന്ന പെരുമാറ്റമാണ് ചെറുപ്പക്കാര്‍ കാണിക്കുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവരുടെ ചെറുപ്പകാലത്ത് കുറ്റം പറഞ്ഞിരുന്നുവെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ അവരൊക്കെ പൊന്നായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതായും വിനയന്‍ പറഞ്ഞു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

”എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചുനിന്നിരുന്ന ഒരു കാര്യമുണ്ട്. താരങ്ങളുടെ മുന്നില്‍ നമുക്ക് വിലയുണ്ടാകണം. പണ്ട് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പര്‍ ആയിരുന്ന കാലത്ത് നമ്മള്‍ ഉപദേശിച്ചിരുന്നെങ്കില്‍, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിര്‍മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്. സാധാരണ ഒരു നിര്‍മാതാവ് ഫോണ്‍ വിളിച്ചാല്‍ ചെറുപ്പക്കാര്‍ പലരും ഫോണ്‍ എടുക്കില്ല, അല്ലെങ്കില്‍ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ.

കാശ് മുടക്കുന്ന നിര്‍മാതാക്കളെ അവഹേളിക്കുന്ന അവസ്ഥ. നിങ്ങളുടെ ഡേറ്റ് വേണ്ട. ഒരു ഫോണ്‍ വിളിച്ചാല്‍ അതെടുത്ത് മറുപടി പറയുകയെങ്കിലും വേണ്ടേ. എത്രയോ ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ പറയുന്നു അവര്‍ വിളിച്ചാല്‍ എടുക്കുന്നില്ല. ഇതൊക്കെ മാറണം, ഇത് മാറുകയും നിര്‍മ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിര്‍മ്മാതാക്കള്‍ ഒന്നും അല്ല എന്ന രീതിയില്‍ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിര്‍ത്താനും മാത്രം ഈ അസോസിയേഷന് കെല്‍പ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീര്‍ച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാല്‍ നടക്കും.

നമ്മള്‍ ആലോചിക്കേണ്ടൊരു കാര്യമുണ്ട്. നമുക്ക് വേണ്ടി കഥ എഴുതുന്ന സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് യൂണിയന്‍ പോലും ഒരു സിനിമ നിര്‍മിച്ചു, ‘കാപ്പ’. കോടിക്കണക്കിനു ഫണ്ടും കിട്ടി. നമുക്കും സിനിമയെടുക്കണം. കടങ്ങള്‍ വീട്ടണം. ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമ നിര്‍മിച്ച് കൈമാറ്റം ചെയ്താല്‍പോലും ഒരുകോടി രൂപ ഉണ്ടാക്കാം. അറുപതു വയസ്സു കഴിഞ്ഞ എല്ലാ നിര്‍മാതാക്കള്‍ക്കും പതിനായിരം രൂപ വച്ച് പെന്‍ഷന്‍ കൊടുക്കണം. നിങ്ങള്‍ ഉദ്ദേശിച്ചാല്‍ നടക്കും. അങ്ങനെയൊരു തീരുമാനം നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കും. എല്ലാ വര്‍ഷം നിര്‍മാതാക്കളുടെ സംഘടന ഒരു സിനിമ നിര്‍മിക്കണം. പുതിയ ഭാരവാഹികള്‍ക്ക് അത് പറ്റും എന്നു തന്നെയാണ് എന്റെ വിശ്വാസം.”-വിനയന്‍ പറഞ്ഞു.

Top