Asslam murder; Intelligence report about riot in Nadapuram

കോഴിക്കോട് : നാദാപുരം അസ്‌ലം വധക്കേസുമായി ബന്ധപ്പെട്ട് ഏത് നിമിഷവും സംഘര്‍ഷം പൊട്ടിപുറപ്പെടാമെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

ആക്രമണം തടയാന്‍ ശക്തമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നതെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയവരല്ല യഥാര്‍ത്ഥ പ്രതികളെന്നാണ് ലീഗിന്റെ ആരോപണം.

അസ്‌ലമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു സഹായം നല്‍കാത്തതിലും ലീഗ്-യുഡിഎഫ് നേതൃത്വങ്ങള്‍ രോഷാകുലരാണ്.

കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ നടന്ന ലീഗ് പ്രതിഷേധ പ്രകടനം അക്രമാസക്തമായത് മേഖലയെ വീണ്ടും സംഘര്‍ഷാവസ്ഥയിലാക്കിയിരിക്കുകയാണ്.

ലീഗ്-യുഡിഎഫ് നേതൃത്വങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതിലപ്പുറമാണ് അണികള്‍ക്കിടയിലെ വികാരമെന്നും തീവ്ര നിലപാടായവര്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നതുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നത്.

പ്രകോപനപരമായ മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ മറുവിഭാഗം പരസ്യമായി മര്‍ദ്ദിച്ചതോടെയാണ് കല്ലാച്ചിയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. ഇത് ഒടുവില്‍ സിപിഎം ഓഫീസ് പരിസരത്ത് തമ്പടിച്ച സിപിഎം പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

ഒട്ടേറെ വാഹനങ്ങളും കടകളും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ നിരവധി പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

പതിനഞ്ച് റൗഡ് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു പൊലീസിന് അക്രമികളെ തുരത്തിയോടിക്കാന്‍.

അസ്‌ലം കൊലക്കേസില്‍ യുഡിഎഫ്-ലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധമുള്ള തീവ്ര നിലപാടുകാര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും എപ്പോള്‍ വേണമെങ്കിലും അക്രമം പൊട്ടിപുറപ്പെടാമെന്ന സാഹചര്യം തടയാന്‍ അതുകൊണ്ട് മാത്രം കഴിയില്ലെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

വിഷയം വര്‍ഗ്ഗീയവല്‍ക്കരിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് സൂചന.

അതേസമയം വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദപുരത്തും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ ഇടപെടലിനെ കുറിച്ചും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

കല്ലാച്ചിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമേ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുള്ളു.

ശക്തമായ പൊലീസ് സംവിധാനം ലീഗ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അക്രമികളെ തടഞ്ഞ് നിര്‍ത്താന്‍ കഴിയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്.

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഡിവൈഎസ്പിയും സിഐയുമെല്ലാം സ്ഥലത്തെത്തിയിരുന്നത്.

സെന്‍സിറ്റീവായ ഈ പ്രദേശങ്ങളില്‍ പൊലീസ് സാന്നിധ്യവും ഇടപെടലും ശക്തമാക്കുന്ന കാര്യത്തില്‍ ജില്ല പൊലീസ് ചീഫും തികഞ്ഞ പരാജയമായിരിക്കുകയാണ്.

വിവിധ ആക്ഷേപങ്ങളെ തുടര്‍ന്ന് മുന്‍പ് തൃശൂരില്‍ നിന്നും പിന്നീട് പാലക്കാട് നിന്നും സ്ഥലംമാറ്റപ്പെട്ട പ്രെമോട്ടി എസ്പിയായ വിജയകുമാറാണ് വടകര റൂറല്‍ എസ്പി.

ഈ ഉദ്യോഗസ്ഥന് പകരം ശക്തമായി നടപടിയെടുക്കാന്‍ ശേഷിയുള്ള യുവാക്കളായ ഐപിഎസുകാരെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന ആവശ്യമാണ് പൊലീസുകാര്‍ക്കിടയില്‍ പോലുമുള്ളത്.

ഇനിയൊരു സംഘര്‍ഷമുണ്ടായാല്‍ കൈവിട്ടുപോവുമെന്നതിനാല്‍ പൊലീസ് നടപടി ശക്തമാക്കുക മാത്രമാണ് പോം വഴിയെന്നാണ് സേനക്കകത്തെ അഭിപ്രായം.

Top