യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന; കഴുത്തുഞെരിഞ്ഞാണ് മരണം പോസ്റ്റ്‌മോര്‍ട്ടം റിപോർട്ട്

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ(28) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. യുവ സംവിധായകയുടെ മരണമാണ് 3 വര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെയാണ് സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതും വിവരങ്ങള്‍ പുറത്തുവന്നതും. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.

2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.

Top